സൗദിയില്‍ ബാങ്ക് ഇടപാടുകളും നിക്ഷേപങ്ങളും കുറഞ്ഞതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും കുറഞ്ഞ ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നടന്നത്. സൗദി നിക്ഷേപകര്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപമിറക്കുന്ന പ്രവണത കൂടി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പണം അയക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും സൗദിയിലെ സ്ഥാപനങ്ങളും വ്യക്തികളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണ വിലയിടിവ്, സ്വദേശീവല്‍ക്കരണം, വര്‍ധിച്ചു വരുന്ന ജീവിതച്ചെലവ് തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇതിനു പിന്നില്‍. രണ്ടായിരത്തി നാലിന് ശേഷം രാജ്യത്തെ ബാങ്കുകളില്‍ നടന്ന ഏറ്റവും കുറഞ്ഞ ഇടപാടുകളാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്നതെന്ന് സൗദി മോണിട്ടറി ഏജന്‍സിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചെക്ക് ഇടപാടുകലിലാണ് ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. ഈയിനത്തില്‍ ഓഗസ്ത് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ മുപ്പത്തിനാല് ശതമാനം കുറവുണ്ടായി.

മൂന്നു കോടി പതിമൂന്നു ലക്ഷം റിയാലിന്റെ ചെക്കുകള്‍ മാത്രമാണ് സെപ്റ്റംബറില്‍ ഇഷ്യൂ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് നാല്‍പ്പത്തിരണ്ട് ശതമാനം കുറവാണ്. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രയാസം നേരിടുന്നതോടൊപ്പം ബാങ്കിടപാടുകള്‍ നിയന്ത്രിച്ചതോടെ തൊഴിലാളികളും സ്ഥാപനങ്ങള്‍ക്ക് ചരക്ക് എത്തിക്കുന്ന സപ്പ്ളയര്‍മാരും പ്രതിസന്ധിയിലാവുകയാണ്. അതേസമയം സ്വദേശികളായ നിക്ഷേപകര്‍ രാജ്യത്തിന് പുറത്ത് മുതല്‍ മുടക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായും ഇത് സംബന്ധമായി പഠനം നടത്തണമെന്നും സൗദി ശൂറാ കൌണ്‍സില്‍ അംഗം ഡോ.അബ്ദുള്ള അല്‍ ഹര്‍ബി അഭിപ്രായപ്പെട്ടു.

സൗദികളുടെ സമ്പത്ത് പുറത്തേക്ക് ഒഴുകുന്നത് ഗൌരവമായി കാണണമെന്നും രാജ്യത്തിനകത്ത് തന്നെ നിക്ഷേപിക്കാന്‍ ആകര്‍ഷകമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാനും ഇത് സഹായകരമാകും. സൌദികള്‍ രാജ്യത്തിന് പുറത്ത് 2.65 ട്രുല്ല്യന്‍ റിയാല്‍ മുതല്‍ മുടക്കിയതായാണ് കണക്ക്.