റിയാദ്: നിയമലംഘനത്തിന്റെ പേരില്‍ സൗദിയില്‍ ഏതാനും റിക്രൂട്ടിംഗ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. കരാര്‍ കമ്പനികളും തൊഴില്‍ മന്ത്രാലയവും കൈകോര്‍ക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

എട്ടു റിക്രൂട്ടിംഗ് കമ്പനികളുടെ ലൈസന്‍സ് ആണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയത്. മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് നടപടിക്ക് കാരണം. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശികളെ റിക്രൂട്ട് ചെയ്യുന്ന രീതി, അവരുമായുള്ള തൊഴില്‍ കരാര്‍, തൊഴിലുടമകള്‍ക്ക് കൈമാറുന്ന രീതി, ആനുകൂല്യങ്ങള്‍ തുടങ്ങി പല രംഗങ്ങളിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കണ്ടെത്തി. രണ്ടു റിക്രൂട്ടിംഗ് കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടി മന്ത്രാലയം പിന്‍വലിച്ചു. വീഴ്ചകള്‍ പരിഹരിക്കാന്‍ രണ്ടു കമ്പനികള്‍ക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഇതിനകം വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കമ്പനികള്‍ അടച്ചു പൂട്ടും. അതേസമയം തൊഴില്‍ മന്ത്രാലയവും കരാര്‍ മേഖലയും കൈകോര്‍ത്താല്‍ അത് ദേശീയ സമ്പത്വ്യവസ്ഥക്ക് മുതല്‍കൂട്ടാകുമെന്ന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് പറഞ്ഞു. കരാര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഏറ്റവും കൂടുതല്‍ ബിനാമി സ്ഥാപനങ്ങള്‍ ഉള്ള മേഖലയാണ് കരാര്‍ മേഖലയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ മേഖലയിലെ സ്വദേശീവല്‍ക്കരണം കാര്യക്ഷമമാക്കുക, കരാര്‍ സ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയവ മന്ത്രാലയം ചര്‍ച്ച ചെയ്യും. കരാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്.