ജിദ്ദ: മറ്റുള്ളവരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് സൗദി കസ്റ്റംസിന്റെ മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെട്ട പാര്‍സലുകള്‍ കൈവശം വെക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍ ഇതിന്റെ ഭവിഷത്തുകള്‍ കാണണമെന്നാണ് അധികൃതര്‍ ഓര്‍മിപ്പിക്കുന്നത്.

യാത്രാ വേളയില്‍ മറ്റുള്ളവരുടെ ലഗേജുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം സാധനങ്ങള്‍ ഒരു പക്ഷെ, യാത്രക്കാര്‍ വലിയ തോതിലുള്ള നിയമ നടപടികള്‍ നേരിടാന്‍ കാരണമാകുമെന്നും സൗദി കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. വിമാന യാത്രക്കാരും, റോഡ്‌ മാര്‍ഗമോ, കപ്പല്‍ വഴിയോ യാത്ര ചെയ്യുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഈ മുന്നറിയിപ്പുള്ളത്.

ലഗേജുകള്‍, കത്തുകള്‍, ചെറിയ പൊതികള്‍ തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടും. സൗദിയില്‍ നിരോധിക്കപ്പെട്ട വസ്തുക്കളോ, മയക്കു മരുന്നുകളോ, സ്ഫോടന വസ്തുക്കളോ, പരിധിയില്‍ കവിഞ്ഞ സ്വര്‍ണമോ പണമോ ഒക്കെയാകാം ഇത്തരം പാര്‍സലുകളില്‍. ആരാണോ ഈ വസ്തുക്കള്‍ കൈവശം വെക്കുന്നത്, അവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. സൗദിയില്‍ നിന്ന്‍ പുറത്ത് പോകുന്നവരും, വരുന്നവരും, സൌദിക്കകത്ത് യാത്ര ചെയ്യുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. മറ്റുള്ളവരെ സഹായിക്കുക എന്ന നല്ല മനസ്സുമായി ഏറ്റെടുത്ത ലഗേജ് കാരണം മലയാളികള്‍ ഉള്‍പ്പെടെ പലരും ഇപ്പോഴും സൗദിയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.

നാട്ടില്‍ ലഭിക്കുന്ന പല മരുന്നുകളും സൗദിയില്‍ നിരോധിക്കപ്പെട്ടവയാണ്. ഇതറിയാതെ മരുന്നുമായി സൌദിയിലെത്തിയ പല ഇന്ത്യക്കാരും ഡോക്ടറുടെ കുറിപ്പടി ഉണ്ടായിട്ടു പോലും പിടിയിലായിട്ടുണ്ട്. യാത്രക്കാര്‍ അറിയാതെ ലഗ്ഗേജുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും സ്വന്തം ലഗേജുകള്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കൈവശമുള്ള കറന്‍സി, സ്വര്‍ണം എന്നിവയുടെ മൂല്യം അറുപതിനായിരം റിയാലില്‍ കൂടുതലാണെങ്കില്‍ അത് കസ്റ്റംസില്‍ ഡിക്ലെയര്‍ ചെയ്യണം. മുവ്വായിരം റിയാലില്‍ കൂടാത്ത വ്യക്തിപരമായ സാധനങ്ങള്‍ക്ക് ഡ്യൂട്ടി അടയ്ക്കേണ്ടതില്ല. സ്വന്തം ആവശ്യത്തിനു ഇരുനൂറ് സിഗരറ്റ് വരെ മാത്രമേ യാത്രക്കാര്‍ക്ക് കൈവശം വെക്കാന്‍ പാടുള്ളൂ എന്നും കസ്റ്റംസ് ഓര്‍മിപ്പിച്ചു.