മാറിയ ചില സാഹചര്യത്തില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെൻസ് അനുവദിക്കണമെന്നാവശ്യം ശക്തിപ്പെടുന്നതു കണക്കിലെടുത്താണ് ഇക്കാര്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്.
സൗദി വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ചു ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പഠനം നടത്തണമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ അംഗം ഡോ.സുൽത്താൻ അൽ സുൽത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പല സ്വദേശി കുടുംബംഗങ്ങളും ഡ്രൈവറുടെ അഭാവം മൂലം യാത്ര ചെയ്യാന്‍ പ്രായാസപ്പെടുന്നുണ്ട്.
മാത്രമല്ല നിരവധി വനിതകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടും യാത്ര പ്രതിസന്ധി മൂലം ഇവർ ജോലി ചെയ്യാന്‍ കൂട്ടാക്കുന്നില്ല. കൂടാതെ റിക്രൂട്ട്മെന്റിനു ചിലവേറുന്നതിനാൽ പലർക്കും ഹൗസ് ഡ്രൈവര്‍മാരെ ജോലിക്കു വെക്കാനും കഴിയുന്നില്ല.
വിധവകള്‍, വിവാഹമോചിതര്‍ തുടങ്ങിയ വനിതകള്‍ക്കു അന്യ രാജ്യക്കാരായ ഡ്രൈവര്‍മാരെ കൊണ്ടുവന്നു ജോലിക്കു വെക്കാനും സാധ്യമല്ലന്ന് ഡോ.സുല്‍ത്താന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെൻസ് നൽകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
രാജ്യത്തു പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. മാസം തോറും 100 കോടി റിയാലെങ്കിലും ഇവര്‍ സ്വന്തം നാടുകളിലേക്കു അയക്കുന്നതായാണ് കണക്ക്.
സ്വദേശി വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടെ ഈ തുക രാജ്യത്തുതന്നെ ചിലവഴിക്കപെടുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
