സൗദിയിൽ മൂന്ന് വര്‍ഷത്തിനകം പാഠ പുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കും.പാഠ പുസ്തകങ്ങള്‍ക്കു പകരം ടാബുകളും ലാപ്‌ടോപ്പും വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം.

അടുത്ത മുന്ന് വര്‍ഷത്തിനകം സൗദിയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കുമെന്ന് സൗദി വിദ്യഭ്യാസ മന്ത്രി ഡോ.അഹമ്മദ് അല്‍ ഈസായാണ് വ്യക്താമാക്കിയത്. പാഠപുസ്തകങ്ങള്‍ക്കു പകരം സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ടാബുകളും ലാപ്‌ടോപ്പും സ്‌കൂളുകളില്‍ വിതരണം ചെയ്യും.

പദ്ധതി നടപ്പാക്കുന്നതിനായി 1.6 ബില്ല്യന്‍ റിയാലിനുള്ള കരാറിൽ ഒപ്പു വെച്ചശേഷം സംസാരിക്കുകായിരുന്നു മന്ത്രി. അടുത്ത വര്‍ഷം മുതലാണ് പാഠ പുസ്തകങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പദ്ദതിക്കു തുടക്കം കുറിക്കുക. പ്രഥമ ഘട്ടമെന്ന നിലക്ക് 150 സ്‌കൂളുകളില്‍ പദ്ദതി നടപ്പാക്കും.

തൊട്ടടുത്ത വര്‍ഷം 1500 സ്‌കൂളുകളിലേക്കു പദ്ധതി വ്യാപിക്കും. തുടര്‍ന്നു മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും.
ഇത് നടപ്പാക്കുന്നതിന്റെ മുന്നോടിയായി അധ്യാപകര്‍ക്കു പരിശീലനം നല്‍കും.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ ടാബുകളും ലാപ്‌ടോപ്പും രാജ്യത്ത് തന്നെ നിര്‍മിക്കുന്നതിനു പദ്ദതിയുണ്ടെന്നും ഡോ.അഹമ്മദ് അല്‍ ഈസാ പറഞ്ഞു.