സ്വദേശിവൽക്കരണത്തിൽ ഒരു രാജ്യക്കാർക്കും പ്രത്യേക ഇളവ് നൽകില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സെപ്റ്റംബർ 11 മുതൽ 12 മേഖലകളില്‍ സന്പൂര്‍ണ്ണ സ്വദേശിവൽക്കരണം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പുതിയതായി സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ച പന്ത്രണ്ടു മേഖലകളിൽ ഒരു രാജ്യക്കാർക്കും പ്രത്യേക ഇളവ് ലഭിക്കില്ലെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഘലയിൽ സ്വദേശികൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനം വരുന്ന സെപ്റ്റംബർ 11 മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മൂന്നു ഘട്ടങ്ങളിലായാണ് പന്ത്രണ്ടു മേഖലകളിൽകൂടി സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. കാർ-ബൈക്ക് ഷോറൂമുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ വസ്തുക്കള്‍ വില്‍പന നട്ത്തുന്ന സ്ഥാപനങ്ങള്‍, ഫർണിച്ചർ കട, പാത്രങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതൽ സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാണ്.

വാച്ചുകൾ വിൽക്കുന്ന കടകൾ, കണ്ണാടി കടകൾ, ഇലക്ട്രിക്ക് - ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒൻപതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽ വരുക.