സൗദിയില്‍ സ്വദേശികളെ സഹായിക്കാൻ വൻ ധനസഹായ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സൈനികര്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം റിയാല്‍ വീതം ധനസഹായം.. യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്ക് അയ്യായിരം റിയാൽ അധിക ബോണസ് .

പാവപ്പെട്ടവര്‍ക്കുള്ള ധനസഹായവും പെന്‍ഷനും ഒരു വര്‍ഷത്തേക്ക് പ്രതിമാസം അഞ്ഞൂറ് റിയാല്‍ വർദ്ധിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പെന്റ് ഒരു വര്‍ഷത്തേക്ക് പത്ത് ശതമാനം കൂട്ടി. സ്വകാര്യ ആശുപത്രികളെയും വിദ്യാലയങ്ങളെയും ആശ്രയിക്കുന്ന സ്വദേശികൾ നല്‍കേണ്ട മൂല്യവർദ്ധിത നികുതി സര്‍ക്കാര്‍ വഹിക്കും. സ്വദേശികൾ വീട് വാങ്ങുന്പോൾ എട്ടര ലക്ഷം റിയാൽ വരെയുള്ള മൂല്യവർദ്ധിത നികുതിയും സര്‍ക്കാര്‍ നൽകും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുപത്തിയേഴാം തിയ്യതി തന്നെ ശന്പളം നൽകണമെന്നും ഉത്തരവിലുണ്ട്.. ഇന്ദന വില , വൈദ്യുതി നിരക്ക് എന്നിവ കൂടിയതും , മൂല്യ വര്‍ധിത നികുതി നടപ്പിലാക്കിയതും സൗദിയിൽ ജീവിതചിലവ് വൻ തോതിൽ കൂട്ടി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനസഹായം.. സർക്കാരിന് 5000 കോടി റിയാലിന്റെയെഹ്കിലും ബാധ്യത ധനസഹായം നൽകുന്നതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.