സ്വര്‍ണ ഇടപാടുകളുടെ മറവില്‍ സൗദിയില്‍ വന്‍തോതില്‍ പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമം നടപ്പാക്കാന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം ഉദ്ദേശിക്കുന്നത്. നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായി സൗദിയില്‍ നിലവിലുള്ള പണം വെളുപ്പിക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതിനു വാണിജ്യ നിക്ഷേപ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ നിയമം ഭേദഗതി ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. നിയമം ഭേദഗതി ചെയ്യുന്നതോടെ ഇരുപതിനായിരം റിയാലില്‍ കുടുതല്‍ തുകക്കുള്ള സ്വര്‍ണം വാങ്ങിക്കുന്നവരുടെ വിവരങ്ങള്‍ ജ്വല്ലറികള്‍ ഉടമകള്‍ സുരക്ഷാ വിഭാഗത്തിനു നല്‍കണം. നിലവില്‍ കൂടുതല്‍ തുകക്കു സ്വര്‍ണ്ണം വാങ്ങിക്കുന്നവരുടെ വിവരങ്ങള്‍ പണം വെളുപ്പിക്കല്‍ വിഭാഗത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും അറിയിക്കാറില്ല. എന്നാല്‍ നിശ്ചിത തുകയെക്കാള്‍ കൂടുതല്‍ തുകക്കുള്ള സ്വരണം വാങ്ങിക്കുന്നവരുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കാന്‍ കഴിയുന്ന നിലക്കാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ പോകുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിലായുള്ള 7500 ജ്വല്ലറികളിലായി 120 ദശലക്ഷത്തോളം ഇടപാടുകളാണ് വര്‍ഷത്തില്‍ നടക്കുന്നത്.