കോണ്‍സുലേറ്റിന് വേണ്ടി പുറംകരാറെടുത്ത ഏജന്‍സി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല.

ജിദ്ദ: സൗദിയിലെ തുറമുഖനഗരമായ യാന്‍പുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി. കോണ്‍സുലേറ്റിന് വേണ്ടി പുറംകരാറെടുത്ത ഏജന്‍സി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസിന് വേണ്ടി വേഗ മോഡേണ്‍ ട്രാവല്‍ ഏജന്‍സിയാണ് യാമ്പുവില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ നിര്‍വഹിക്കുന്നത്.

പാസ്‌പോര്‍ട്ട്‌ പുതുക്കാനുള്ള അപേക്ഷകള്‍ എല്ലാ ദിവസവും നേരത്തെ ഈ ഏജന്‍സി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് മാസത്തിലൊരിക്കല്‍ കോണ്‍സുലേറ്റ് പ്രതിനിധികളും പുറം കരാര്‍ ഏജന്‍സി പ്രതിനിധികളും യാമ്പു സന്ദര്‍ശിക്കുന്ന സമയത്ത് മാത്രമായി ചുരുങ്ങി. അതുകൊണ്ട് തന്നെ ഈ ദിവസം ഓഫീസില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ വൈകുന്നത് മൂലം പ്രയാസം അനുഭവിക്കുന്നതായും ഇന്ത്യക്കാര്‍ പരാതിപ്പെടുന്നു.

കോണ്‍സുലേറ്റ് -പുറം കരാര്‍ ഏജന്‍സി പ്രതിനിധികളുടെ അഭാവത്തില്‍ നേരത്തെ നല്‍കിയ അപേക്ഷകളില്‍ പലതും കെട്ടിക്കിടക്കുകയാണ്. ഇതാണ് ദിവസവും അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി വെക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്‌. ദിവസവും അപേക്ഷ സ്വീകരിക്കാന്‍ കോണ്‍സുലേറ്റ് നടപടി സ്വീകരിച്ചാല്‍ ഈ പ്രയാസം ഒഴിവാക്കാനാകും എന്നാണ് പ്രതീക്ഷ.