എണ്ണ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധിയെ നേരിടുന്നതിന്‍റെ ഭാഗമായാണ് ചെലവ് ചുരുക്കാന്‍ സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശം. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കി. മന്ത്രിമാര്‍ക്ക് ഇരുപത് ശതമാനവും സൗദി ശൂറാ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് പതിനഞ്ചു ശതമാനവും ശമ്പളം കുറയും. 

പുറമേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹൗസിംഗ് അലവന്‍സ്, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം വെട്ടിക്കുറച്ചു. ശൂറാ കൌണ്‍സില്‍ അംഗങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും ഡ്രൈവറെ നിയമിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരം റിയാലില്‍ കൂടുതലുള്ള മൊബൈല്‍ ടെലഫോണ്‍ ബില്ലുകള്‍ സ്വയം അടയ്‌ക്കേണ്ടി വരും. മന്ത്രിമാരുടെ വാര്‍ഷികാവധി നാല്‍പ്പത്തിരണ്ട് ദിവസത്തില്‍ നിന്നും മുപ്പത്തിയാറ് ദിവസമായി കുറച്ചു. 

സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറയില്ലെങ്കിലും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കും. പൊതുമേഖലയിലെ വിദേശികള്‍ക്കും ഇത് ബാധകമാണ്. ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് പരമാവധി അടിസ്ഥാന ശമ്പളത്തിന്‍റെ ഇരുപത്തിയഞ്ച് മുതല്‍ അമ്പത് ശതമാനം വരെ മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. 

അവധി ദിനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അലവന്‍സ് നിര്‍ത്തലാക്കും. എന്നാല്‍ യമന്‍ അതിര്‍ത്തി പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ഡ്യൂട്ടിയിലുള്ള സൈനികരെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ഈ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഉത്തരവ് പുതിയ ഹിജ്‌റ വര്‍ഷം തുടക്കം മുതല്‍ അതായത് ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത വര്ഷം ശമ്പളത്തിലെ വാര്‍ഷിക വര്‍ധനവ് ഉണ്ടാകില്ല. ചില മേഖലകളില്‍ വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കുന്നത് നിര്‍ത്തി വെക്കും. 

പൊതു മേഖലയില്‍ ഒഴുവുള്ള തസ്തികകള്‍ നികത്തുന്നത് നിര്‍ത്തി വെച്ചു. എണ്ണയിതര വരുമാനം മാര്‍ഗം വര്‍ധിപ്പിക്കാന്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്‌കാര നടപടികള്‍ രാജ്യത്ത് തുടരുകയാണ്. നേരത്തെ പ്രഖ്യാപിച്ച വിദേശികളുടെ വിസാ ഫീസ് വര്‍ധനവും ഇതോടൊപ്പം പ്രാബല്യത്തില്‍ വരും.