റിയാദ്: സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാനുള്ള തീവ്ര ശ്രമത്തിലാണ് സൗദിയിലെ ഇന്ത്യന്‍ നയതയന്ത്ര കാര്യാലയങ്ങള്‍. കമ്പനി നിസ്സഹകരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയം ഇന്ത്യക്കാര്‍ക്ക് പല ഇളവുകളും അനുവദിച്ചു.

ഇതൊരു യുദ്ധഭൂമി അല്ലാത്തതിനാല്‍ പെട്ടെന്ന് തങ്ങളെ കയറ്റി വിടുന്നതിനു പകരം കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങി തരണമെന്നാണ് ഓജര്‍ കമ്പനിയിലെ തൊഴിലാളിയായ റോബര്‍ട്ട് പറയുന്നത്. ആനുകൂല്യങ്ങളും ശമ്പള കുടിശികയും കിട്ടാതെ ഒരു ഇന്ത്യക്കാരനും നാട്ടിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി ഓജര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ഭാഗവും ശമ്പള കുടിശികയും ഏന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റും കിട്ടിയാല്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പണം നല്‍കാന്‍ കമ്പനിക്ക് സാധിക്കാതെ വന്നതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇപ്പോള്‍ നാട്ടിലേക്ക് പോകുന്നവരുടെ ശമ്പള കുടിശികയും മറ്റും കമ്പനിയില്‍ നിന്നും വാങ്ങി പിന്നീട് നാട്ടിലേക്ക് അയക്കാമെന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശം എല്ലാവരും അംഗീകരിക്കാനിടയില്ല. അതുകൊണ്ട് കമ്പനിയില്‍ നിന്ന് കിട്ടാനുള്ളത് വാങ്ങിച്ചു തന്നതിന് ശേഷം നാട്ടിലേക്ക് പോകാനുള്ള വഴി ഒരുക്കണം എന്നാണു തൊഴിലാളികള്‍ ഇന്ത്യന്‍ ഗവണ്മെന്റിനോടും എംബസിയോടും ആവശ്യപ്പെടുന്നത്.