സൗദിയില്‍ വരാനിരിക്കുന്ന നിയോം മെഗാ സിറ്റിയില്‍ ലോകത്തെ മറ്റു നഗരങ്ങളില്‍ ലഭ്യമായ ഏതാണ്ട് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്ന് സൗദി കിരീടാവകാശി. എന്നാല്‍ മദ്യത്തിനുള്ള നിരോധനം ഉള്‍പ്പെടെ രാജ്യത്തിന്‍റെ അടിസ്ഥാന നിയമങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് ചെങ്കടല്‍ തീരത്ത് പണിയുന്ന മെഗാസിറ്റിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയത്. നിയോം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ് അമ്പതിനായിരം കോടി ഡോളര്‍ ആണ്. ഈജിപ്ത് ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററില്‍ നിര്‍മിക്കുന്ന നഗരത്തില്‍ സൗദിയിലെ മറ്റു നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകോത്തര നിലവാരമുള്ള സൌകര്യങ്ങളും സ്വാതന്ത്ര്യവും ഉണ്ടാകും. എന്നാല്‍ സൗദിയുടെ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു.

നിക്ഷേപകര്‍ക്കും, സന്ദര്‍ശകര്‍ക്കും മറ്റു രാജ്യങ്ങളില്‍ ലഭിക്കുന്ന തൊണ്ണൂറ്റിയെട്ട് ശതമാനം സൗകര്യങ്ങളും ഇവിടെ ലഭിക്കും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രണ്ട് ശതമാനത്തില്‍ മദ്യം ഉള്‍പ്പെടെ സൗദിയില്‍ നിരോധിച്ച പലതും ഉള്‍പ്പെടുമെന്ന് കിരീടാവകാശി പറഞ്ഞു. മദ്യം ആവശ്യമുള്ള വിദേശികള്‍ക്ക് ഈ നഗരത്തിന്‍റെ തൊട്ടടുത്തുള്ള ഈജിപ്തിലോ ജോര്‍ദാനിലോ പോയി വരാനുള്ള സൗകര്യമുണ്ട്. അടിസ്ഥാന നിയമങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ ഈ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു. ദുബായി നഗരവുമായി നിയോം സിറ്റി മത്സരിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് “ഒരു മത്സരം എന്നതിലുപരി, ലാഭകരമായ, ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, അത്യാധുനിക സൌകര്യങ്ങള്‍ ഉള്ള നഗരമായിരിക്കും” എന്നായിരുന്നു മറുപടി. 2025-ല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.