ജിദ്ദ; കഴിഞ്ഞ ദിവസം സൗദിയില്‍ വിമാനപകടമുണ്ടായെന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിരവധി മലയാളികളടക്കും നൂറു കണക്കിന് പേര്‍ മരിച്ചെന്നായിരുന്നു വാര്‍ത്ത. ഇതോടൊപ്പം ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യവും പ്രചരിച്ചിരുന്നു. 

എന്നാല്‍ ഇത് സിവില്‍ ഡിഫെന്‍സിന്റെ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മോക് ഡ്രില്‍ ആണെന്നും ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്നും സിവില്‍ ഡിഫന്‍സ് അതോറിട്ടി അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശീലനത്തിന്റെ ഭാഗമായി വിമാനം തകര്‍ന്ന നിലയിലുള്ള മോക് ഡ്രില്‍ മക്ക സിവില്‍ ഡിഫെന്‍സ് സംഘടിപ്പിച്ചത്. 20 സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് ഇതില്‍ പങ്കെടുത്തത്.

വിമാനം അപകടത്തില്‍പ്പെട്ടതായ വാര്‍ത്ത കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അപകട സ്ഥലത്തു കുതിച്ചെത്തി നടത്തുന്ന രക്ഷാ പ്രവര്‍ത്തനത്തിന്റെ മോക് ഡ്രില്ലാണ് നടന്നത്.

വിമാനാപകടം ഉണ്ടായാല്‍ അടിയന്തിരമായി എന്ത് ചെയ്യണമെന്നതിനുള്ള പരിശീലമാണ്ഇതിലൂടെ ഉദ്ദേശിച്ചതെന്ന് മക്ക സിവില്‍ ഡിഫെന്‍സ് വക്താവ് മേജര്‍ ജനറല്‍ സാലിം അല്‍ മത് റഫി അറിയിച്ചു.>