സൗദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. താമസ തൊഴില്‍ നിയമലംഘകരും നുഴഞ്ഞു കയറ്റക്കാരുമായ ലക്ഷക്കണക്കിന് വിദേശികള്‍ ഇതിനകം പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഒരു ലക്ഷത്തിലേറെ പേരെ നാടു കടത്തി.

നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ കഴിഞ്ഞ നവംബര്‍ പതിനഞ്ചിന് ആരംഭിച്ച റൈഡില്‍ ഇതുവരെ 5,34,764 നിയമലംഘകര്‍ പിടിയിലായി. ഇതില്‍ 3,59,748 പേര്‍ താമസ നിയമലംഘകരും 1,24,161 പേര്‍ തൊഴില്‍ നിയമലംഘകരുമാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. 50,855 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരാണ്. 

അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെ 7670 പേര്‍ പിടിയിലായി. ഇതില്‍ 70% യമനികളും 28% എത്യോപ്യക്കാരും ആണ്. നിയമലംഘകര്‍ക്ക് യാത്ര, താമസം തുടങ്ങിയ സഹായം നല്‍കിയ 1067പേരും അറസ്റ്റിലായി. ഇതില്‍ 169 പേര്‍ സ്വദേശികള്‍ ആണ്. 154 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. 

പിടിയിലായ 12,449 വിദേശികളെ നാടു കടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇതില്‍ 2078 പേര്‍ സ്ത്രീകളാണ്. യാത്രാ രേഖകള്‍ക്കായി 76,851 നിയമലംഘകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. 1,20,425 പേരെയാണ് ഇതുവരെ നാടു കടത്തിയത്.