ലക്ഷങ്ങൾ മടങ്ങുമ്പോള്‍ പുതിയ വിസയില്‍ സൗദിയിലേക്ക് ആയിരങ്ങള്‍

First Published 14, Mar 2018, 12:19 AM IST
Saudi new job opportunities
Highlights
  • ലക്ഷങ്ങൾ മടങ്ങുന്നു
  • പുതിയ വിസയില്‍  സൗദിയിലേക്ക് ആയിരങ്ങള്‍

സൗദിയില്‍  ലക്ഷക്കണക്കിന്‌ പ്രവാസികൾ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുമ്പോള്‍ പുതിയ വിസയില്‍  നിരവധി പേർ രാജ്യത്ത് എത്തുന്നതായി റിപ്പോര്‍ട്ട്‌. പുതിയ നിര്‍മാണ പദ്ധതികള്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായാണ് വിലയിരുത്തൽ.

11,86,449 വിദേശികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതായി സൗദി പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. പുതിയ് സ്വദേശീവല്‍ക്കരണ പദ്ധതികള്‍ മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരാണ് ഇതില്‍ നല്ലൊരു പങ്കും. അതേസമയം ഈ ഒരു വര്‍ഷത്തിനിടയില്‍ പുതുതായി സൗദിയില്‍ എത്തിയ 1,027,530 പേര്‍ക്ക് താമസരെഖയായ ഇഖാമ അനുവദിക്കുകയും ചെയ്തു.

സൗദിയില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്കനുസരിച്ചു പുതിയ വിസയില്‍ വിദേശികള്‍ സൗദിയില്‍ എത്തുന്നതായി ഈ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.  ഫൈനല്‍ എക്സിറ്റടിച്ചതിനു ശേഷം 52,956 പേര്‍ അത് റദ്ദാക്കിയാതായും റിപ്പോര്‍ട്ട്‌ പറയുന്നു. 72,31,572 വിദേശികള്‍ക്ക് എക്സിറ്റ് റീ-എന്ട്രി വിസ അനുവദിച്ചു. 77,14,411 പേര്‍ ഒരു വര്‍ഷത്തിനിടയില്‍ താമസരേഖയായ ഇഖാമ പുതുക്കി. 128,541 വിദേശികള്‍ ജോലിക്കനുസരിച്ചു ഇഖാമയിലെ പ്രൊഫഷന്‍ മാറ്റി.

528,757 പേര്‍ പുതിയ സ്പോണ്‍സറുടെ പേരിലേക്ക് വിസ മാറ്റിയതായും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി ആരോപിക്കപ്പെട്ടു ഹുറൂബ് കേസില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം കുടുങ്ങിയത് 38,679 വിദേശികള്‍ ആണ്. 1,139,479 സന്ദര്‍ശക വിസകള്‍ ഈ കാലയളവില്‍ പുതുക്കുകയും ചെയ്തു.

loader