സൗദി: പാസ്പോര്‍ട്ട്‌ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സ്വകാര്യത കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി പാസ്പോര്‍ട്ട്‌ വിഭാഗം. മറ്റുള്ളവര്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. പാസ്പോര്‍ട്ട്‌-വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കാനുള്ള അബ്ഷിര്‍ വെബ്സൈറ്റിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സൗദി പാസ്പോര്‍ട്ട്‌ വിഭാഗം നിര്‍ദേശിച്ചു. 

അബ്ഷിര്‍ വെബ്സൈറ്റിന്റെ പാസ് വേഡ് മറ്റുള്ളവര്‍ക്ക് കൈമാറുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതുപയോഗിച്ച് മറ്റുള്ളവര്‍ പാസ്പോര്‍ട്ട്‌-വിസാ സേവനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സേവനങ്ങള്‍ക്കായി സര്‍വീസ് ഏജന്‍സികളെ സമീപിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. യൂസര്‍നേമും പാസ്‌വേര്‍ഡും ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ സേവനം കഴിഞ്ഞ ഉടന്‍തന്നെ ഇവയില്‍ മാറ്റം വരുത്തണം. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ പാസ്‌വേര്‍ഡ് എഴുതിവെക്കുന്നതും ദോഷം ചെയ്യും. 

തൊഴിലാളികള്‍ അറിയാതെ വിസ റദ്ദ് ആക്കാനും എക്സിറ്റ് അടിക്കാനും മറ്റും ഇത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു പാസ്പോര്‍ട്ട്‌ വിഭാഗം വക്താവ് അബ്ദുള്ള അല്‍ ഹാദി പറഞ്ഞു. ഫാമിലി വിസയില്‍ ഉള്ളവരുടെ വിസാസേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുന്നത് കുടുംബനാഥന്‍ ആണ്. ഓണ്‍ലൈന്‍ സേവനങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍, കുടുംബാംഗങ്ങളുടെ എക്സിറ്റ് റീ എന്‍ട്രിക്കും മറ്റുമായി പലപ്പോഴും സര്‍വീസ് ഏജന്‍സികളെയാണ് സമീപിക്കാറുള്ളത്. ഇങ്ങനെയുള്ളവര്‍ ഇടയ്ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള പാസ്വേഡ് മാറ്റണമെന്നാണ് പാസ്പോര്‍ട്ട്‌ വിഭാഗം നല്‍കുന്ന നിര്‍ദേശം.