റിയാദ്: ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തു വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്നു സൗദി സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്. വീടിനുള്ളില്‍ അത്യാവശ്യ ഇലക്ട്രിക് ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഫാനുകളും മറ്റും സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടു തീപിടിക്കാനുള്ള സാധ്യത കുടൂതലാണെന്നും മദീന സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയര്‍ ഖാലിദ് മുബാറക് അല്‍ ജഹ് നി പറഞ്ഞു.

സൗദിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടില്‍ അമിതമായ വൈദ്യുതി ഉപയോഗം മൂലമുണ്ടാകുന്ന അതിപ്രസരണം കാരണം വൈദ്യതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വൈദ്യുതിയുടെ അമിത ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ശക്തമായ ചൂടു തുടരുന്നതിനാല്‍ വീടുകളില്‍ തീപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വീട്ടമ്മമാര്‍ ജാഗ്രത പാലിക്കണം. അഗ്‌നിബാധ സംഭവിച്ചാല്‍ രക്ഷപ്പെടുന്നതിനും കഴിയുമെങ്കില്‍ തീ അണക്കുന്നതിനുള്ള സജീകരണങ്ങളും ഒരുക്കണം. വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം.

സ്റ്റാര്‍ട്ട് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ ഇരുത്തി രക്ഷിതാക്കള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലും സൗദിയുടെ മറ്റു ചില മേഖലയിലും ഈവര്‍ഷത്തെ ഏറ്റവുംകൂടിയ ചൂടാണ് ഇന്നലെ അനുഭവപ്പെട്ടതെന്നു പ്രമുഖ കാലാവസ്ഥ വിദ്ഗദന്‍ ഡോ. അബ്ദുല്ലാ മുസ് നിദ് വ്യക്തമാക്കി.