റിയാദ്: കഴിഞ്ഞ മാസം സൗദിയില്‍നിന്നു വിദേശികള്‍ സ്വദേശത്തേക്കു 1410 കോടി റിയാല്‍ അയച്ചതായി സൗദി മോണിറ്ററിംഗ് ഏജന്‍സിയായ സാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് വിദേശികള്‍ ഇത്രയും തുക നാട്ടിലേക്കു അയക്കുന്നത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ചു മെയ് മാസത്തില്‍ 220 കോടി റിയാല്‍ വിദേശികള്‍ സ്വദേശത്തേക്ക് അധികം അയച്ചു. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസങ്ങള്‍ക്കിടെ സൗദിയിലുള്ള വിദേശികള്‍ 6360 കോടി റിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി സ്വദേശത്തേക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ രൂപയുമായി സൗദി റിയാലിന്റെ വിനിമയ നിരക്കിലുണ്ടായ വര്‍ദ്ധനവ് വലിയ തോതില്‍ ഇന്ത്യക്കാര്‍ നാട്ടിലേക്കു പണം അയക്കുന്നതിനു കാരണമായി.
ഇതിനിടെ ഡോളറുമായുള്ള സൗദി റിയാലിന്റെ വിനിമയ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സൗദി മോണിറ്ററിംഗ് ഏജന്‍സി ഗവര്‍ണര്‍ ഡോ: അഹമദ് അല്‍ ഖുലൈഫി ഇതു നിഷേധിച്ചു. മാത്രമല്ല 30 വര്‍ഷമായി തുടരുന്ന വിനിമയ നിരക്ക് നയത്തില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നില്ലെന്നും അല്‍ ഖുലൈഫി പറഞ്ഞു.
