സൗദിയില്‍ വിദേശ അഭിഭാഷകരുടെ റിക്രൂട്ട്മെന്‍റ് നിയന്ത്രിക്കാന്‍ നിര്‍ദേശം

റിയാദ്: സൗദിയിലേക്ക് വിദേശ അഭിഭാഷകരെ റിക്രൂട്ട് ചെയ്യുന്നത് നിയന്ത്രിക്കാന്‍ സൗദി ശൂറാ കൗണ്‍സിലിന്റെ നിര്‍ദേശം. മതിയായ പരിചയ സമ്പത്തുള്ള അഭിഭാഷകരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതിയെന്നാണ് ആവശ്യം. യോഗ്യതയും പരിചയ സമ്പത്തുമുള്ള സ്വദേശികളായ നിരവധി അഭിഭാഷകര്‍ സൗദിയിലുള്ള സാഹചര്യത്തിലാണ് സൗദി ശൂറാ കൗണ്‍സിലിന്റെ നടപടി. റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ അഭിഭാഷകര്‍ സൗദി ബാര്‍ അസോസിയേഷന്‍ നടത്തുന്ന യോഗ്യതാ പരിശോധനയ്ക്ക് വിധേയരാകണം എന്ന നിബന്ധനയും ശൂറ കൗൺസിൽ മുന്നോട്ടുവച്ചിട്ടുണ്ട്.

മാനവ വിഭവശേഷി നിധിയുടെ 2016--17 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അവലോകനം ചെയ്യവേയാണ് കൗണ്‍സില്‍ ഇതുസംബന്ധമായ ചര്‍ച്ച നടത്തിയത്. സ്വദേശികളായ അഭിഭാഷകര്‍ക്ക് ജോലി ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മുന്നോട്ടു വരണമെന്നും കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭിഭാഷക വൃത്തിയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയ സമ്പത്ത് ഇല്ലാത്ത വിദേശികളെ റിക്രൂട്ട് ചെയ്യില്ലെന്ന് നേരത്തെ സൗദി തൊഴില്‍ മന്ത്രാലയം സൗദി ബാര്‍ അസോസിയേഷന് ഉറപ്പ് നല്‍കിയിരുന്നു. 

ഇത് ഏഴു വര്‍ഷമാക്കാനാണ് പുതിയ നിര്‍ദേശം. റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ അഭിഭാഷകര്‍ സൗദി ബാര്‍ അസോസിയേഷന്‍ നടത്തുന്ന യോഗ്യതാ പരിശോധനയ്ക്ക് വിധേയകരാകണം. വ്യക്തിഗത ഇന്റര്‍വ്യൂവിന് ഹാജരായി യോഗ്യത തെളിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അംഗങ്ങള്‍ മുന്നോട്ടുവച്ചു. നിലവില്‍ വിദേശികളായ നിരവധി അഭിഭാഷകര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും.