ജിദ്ദ: സൗദിയില്‍ വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി അധികൃതര്‍. ഇതുവരെ കണ്ടെത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ കൂടൂതലും നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടേതാണെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് വക്താവ് അറിയിച്ചു. സൗദിയില്‍ വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനു അന്താരാഷ്ട്ര കമ്പനിയുമായി ധാരണയിലെത്തിയതോടെ ആരോഗ്യ മേഖലയില്‍ വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് വക്താവ് അബ്ദുല്ലാ അല്‍സാഹ് യാന്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ 3026 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ആരോഗ്യ മേഖലയില്‍ കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതിനു രണ്ട് വര്‍ഷം മുമ്പ് ഡാറ്റ ഫ്ലോ എന്ന കമ്പനിയുമായി ധാരണയിലെത്തിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായത്. ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റിന്റെ നിജ സ്ഥിതി മനസ്സിലാക്കുന്നതിന് അതാത് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ നിജ സ്ഥിതി പരിശോധിച്ച് സൗദി കമ്മീഷന്‍ ഫോർ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന് റിപ്പോര്‍ട്ട് നല്‍കുകയാണ് കമ്പനിയുടെ ചുമതല.
ഹെല്‍ത്ത്കമ്മീഷന്റെ പരീക്ഷ പാസാകാത്തവരെയും വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെതുന്നവരെയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അല്‍ സാഹ് യാന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ കൂടൂതലും നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടേതാണ്.1838 സര്‍ട്ടിഫിക്കറ്റുകളാണ് ഈവിഭാഗക്കാരുടേതായി കണ്ടെത്തിയത്. രണ്ടാസ്ഥാനത്തു ടെക്നിഷ്യന്മാരുടേതാണ്.ഡെന്റല്‍ ഡോക്ടര്‍മാരുടെ 384 വ്യാജ സര്‍ട്ടിഫിക്കറ്റുകളും
കണ്ടെത്തിയതായും അബ്ദുല്ലാ അല്‍സാഹ് യാന്‍ പറഞ്ഞു.
