ജിദ്ദ: കാലാവധി തീരുന്നതിനു മുമ്പ് താമസ രേഖ പുതുക്കാത്ത തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും മുന്നറിയിപ്പുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കണം എന്നാണു നിര്‍ദേശം. ഇഖാമ ഇഷ്യൂ ചെയ്യുന്നതിലോ പുതുക്കുന്നതിലോ വീഴ്ച സംഭവിച്ചാല്‍ തൊഴിലുടമകള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കും.
വിദേശ തൊഴിലാളികളുടെ താമസരേഖയായ ഇഖാമ കൃത്യ സമയത്ത് തന്നെ നല്‍കണമെന്നും കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും സൗദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം നിര്‍ദേശിച്ചു. ഇതില്‍ കാലതാമസം നേരിട്ടാല്‍ തൊഴിലാളികളുടെ സ്പോണ്‍സര്‍ പിഴയടക്കേണ്ടി വരും. ഇഖാമയുടെ കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കിയിട്ടില്ലെങ്കില്‍ അഞ്ഞൂറ് റിയാല്‍ പിഴ ചുമത്തും. രണ്ടാമതും വീഴ്ച സംഭവിച്ചാല്‍ പിഴ സംഖ്യ ആയിരം റിയാലായി വര്‍ധിക്കും.
മൂന്നാമതും ആവര്‍ത്തിച്ചാല്‍ വിദേശ തൊഴിലാളിയെ നാടു കടത്തുമെന്ന് ജവാസാത്തിനെ ഉദ്ധരിച്ച് കൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കാലാവധിയുള്ള ഇഖാമ ഇല്ലാത്തവര്‍ ജോലി ചെയ്യുന്നതും അവര്‍ക്ക് ജോലി നല്‍കുന്നതും കുറ്റകരമാണ്. നിയമലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
ആദ്യത്തെ തവണ ഇരുപത്തി അയ്യായിരം റിയാല്‍ പിഴയും ഒരു വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റിനുള്ള വിലക്കും ശിക്ഷ ലഭിക്കും. ജോലി നല്‍കിയ ഉദ്യോഗസ്ഥന്‍ വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ അമ്പതിനായിരം റിയാലായും റിക്രൂട്ട്മെന്‍റിനുള്ള വിലക്ക് രണ്ട് വര്‍ഷമായും വര്‍ധിക്കും. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍റെ പേര് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ആറു മാസത്തെ തടവിനു ശേഷം ഉദ്യോഗസ്ഥനെ വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും.
കുറ്റം മൂന്നാമതും ആവര്‍ത്തിച്ചാല്‍ പിഴസംഖ്യ ഒരു ലക്ഷം റിയാല്‍, റിക്രൂട്ട്മെന്‍റ് വിലക്ക് അഞ്ച് വര്‍ഷം, നാടു കടത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥന്‍റെ തടവ് കാലം ഒരു വര്‍ഷം എന്നിങ്ങനെയായിരിക്കും.
representative image
