സൗദിയില്‍ ഈ വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. ചരിത്ര നഗരങ്ങളും വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി നൽകുന്ന ഉംറ പ്ലസ് പദ്ധതി വിജയകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ആദ്യമായാണ് സൗദിയില്‍ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ഇതുവഴി സൗദിയിലെ ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ആദ്യഘട്ടത്തില്‍ അറുപത്തിയഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് സൗദി ടൂറിസം പുരാവസ്തു വിഭാഗം അറിയിച്ചു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം പുരാവസ്തു വിഭാഗം മേധാവി മുഹമ്മദ് അല്‍ ഉമരി അറിയിച്ചു. അംഗീകൃത ടൂര്‍ ഏജന്‍സികള്‍ വഴിയാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ പതിമൂന്നു സന്ദര്‍ശന സ്ഥലങ്ങള്‍ സജ്ജമാണ്. ഇതിനു പുറമേ ഉമ്ര തീര്‍ഥാടകര്‍ക്ക് ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ഉംറ പ്ലസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത കാലത്ത് നിലവില്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മൂവ്വായിരത്തോളം തീര്‍ഥാടകര്‍ ഉംറ പ്ലസ് പദ്ധതി പ്രയോജനപ്പെടുത്തിയാതായാണ് റിപ്പോര്‍ട്ട്. നിലവില്‍ മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ ഉമ്ര തീര്‍ഥാടകര്‍ക്ക് അനുമതിയുള്ളൂ. ബിസിനസ് വിസയില്‍ സൗദിയില്‍ എത്തുന്ന മുസ്ലിംകള്‍, സര്‍ക്കാര്‍ അതിഥികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കും ഉംറ പ്ലസ് പദ്ധതി ഉപയോഗപ്പെടുത്താനാകും. അറുപത്തിയേഴ് ലക്ഷം വിദേശ തീര്‍ഥാടകര്‍ കഴിഞ്ഞ വര്ഷം ഉംറ നിര്‍വഹിച്ചതായാണ് കണക്ക്. വിഷന്‍ 2030 പദ്ധതിപ്രകാരം വര്‍ഷത്തില്‍ മൂന്നു കോടി തീര്‍ഥാടകരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
