ജിദ്ദ: സൗദി അറേബ്യയിൽ തീവ്രവാദി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി സര്‍ക്കാര്‍ ഇത്തവണ ഹജ്ജിനു അവസരം നല്‍കും.  ഓരോ കുടുംബത്തില്‍ നിന്നും അഞ്ച് പേര്‍ക്കാണ് അവസരം ലഭിക്കുക. മിനായില്‍ ജമ്രകളിലെക്കുള്ള പോക്കുവരവുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കും.

സൗദിയില്‍ ഭീകരവാദികളുടെ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ചെലവില്‍  ഹജ്ജിനു അവസരം നല്‍കും. ഓരോ കുടുംബത്തില്‍ നിന്നും അഞ്ച് പേര്‍ക്കാണ് അവസരം ലഭിക്കുക. 259 പേര്‍ ഇങ്ങിനെ ഹജ്ജ് നിര്‍വഹിക്കും എന്നാണു പ്രതീക്ഷ. അതേസമയം മിനായില്‍ ഹജ്ജ് തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തും. ജമ്രകളിലേക്കുള്ള വഴികളില്‍ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഓരോ രാജ്യത്തെയും തീര്‍ഥാടകര്‍ക്ക് കല്ലെറിയാന്‍ നിശ്ചയിച്ച സമയം ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ പാലിക്കുന്നുണ്ടോ എന്ന് ഈ സംവിധാനം വഴി നിരീക്ഷിക്കും.

ഇതിന്റെ ഭാഗമായി സര്‍വീസ് ഏജന്‍സികള്‍ക്ക് ഇലക്ട്രോണിക് ഉപകരണം വിതരണം ചെയ്യും. തീര്‍ഥാടകര്‍ കല്ലെറിയാന്‍ പോകുകയും വരുകയും ചെയ്യുന്ന സമയം വഴി തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്താം. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന ആഹാരത്തിന്‍റെ ഗുണ നിലവാരം ഉറപ്പ് വരുത്താനും പരിസര ശുചീകരണം ഉറപ്പു വരുത്താനും മക്കാ നഗരസഭ പരിശോധന കര്‍ശനമാക്കി.

അനാരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്തതിന്റെ പേരില്‍ ചില വില്‍പന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അടപ്പിച്ചു. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന മറ്റു സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പ് വരുത്താന്‍ വ്യാപാര കേന്ദ്രങ്ങളില്‍ വ്യവസായ നിക്ഷേപ മന്ത്രാലയം പരിശോധന ആരംഭിച്ചു. മക്കയിലും മദീനയിലും ഉള്ള ജ്വല്ലറികളിലും, ഗ്യാസ് സ്റ്റെഷനുകളിലും, വാഹന വര്‍ക്ക് ഷോപ്പുകളിലും, മൊബൈല്‍ ഷോപ്പുകളിലുമെല്ലാം പരിശോധന നടത്തും.