സൗദിയില്‍ റോഡപകടങ്ങള്‍ പെരുകുന്നതില്‍ കിരീടവകാശി ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നു കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പറഞ്ഞു.
റോഡപകടങ്ങള്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തത്തി പരിഹരിക്കണം. റോഡപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ഇത് കണക്കിലെടുത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ചു രാജ്യത്തുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ബോധവത്കരണംനടത്തണമെന്നും കിരീടവകാശി പറഞ്ഞു.
റോഡപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പഠിക്കുന്നതിനും അവ ഒഴിവാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ദതികള്‍ നടപ്പിലാക്കാനും സൗദി ട്രാഫിക് പരിഷ്‌കരണ ആസുത്രണ പദ്ദതിയെ കുറിച്ചു ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കിരീടവകാശി നിര്‍ദ്ദേശിച്ചു.
റോഡപകടം മൂലം ദിവസം 21 പേരുടെ ജീവന്‍ സൗദിയിലെ നിരത്തുകളില്‍ പൊലിയുന്നതെന്നാണ് കണക്ക്. വാഹനങ്ങളെ മറികടക്കല്‍, അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ എന്നിവയാണ് 60 ശതമാനം റോഡപകടങ്ങള്‍ക്കും കാരണമാകുന്നത്. റോഡപകടം മൂലം മരിക്കുന്നവരില്‍ കൂടുതല്‍ പേരുടേയും ശരാശരി പ്രായം 16 മുതല്‍ 40 വയസ്സു വരെയാണ്.
