സൗദി അറേബ്യ: സൗദിയില്‍ വാറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും റീചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാറ്റ് ഈടാക്കും.
മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ നിയമലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ സൗദിയില്‍ പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ് ടാക്‌സും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. പതിനെട്ടോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനകളുടെ ഭാഗമാകും.
വാറ്റ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക, രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കുക, പരിശോധനയ്ക്ക് സഹകരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. എന്നാല്‍ ശക്തമായ മുന്നറിയിപ്പും ബോധാവല്‍ക്കരണങ്ങളും ഉണ്ടായിട്ടും പല സ്ഥാപനങ്ങളും ഇനിയും വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാനോ, വാറ്റ് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല.
വാറ്റ് സംബന്ധമായ അവ്യക്തതയാണ് ഇതിനു പ്രധാന കാരണം. നിയമം പ്രാബല്യത്തില്‍ വന്ന് അവ്യക്തതകള്‍ നീങ്ങിയതിനു ശേഷം പദ്ധതി നടപ്പിലാക്കാനാണ് പലരുടെയും നീക്കം. അതിനിടെ മൊബൈല്‍ സേവനത്തിന് വാറ്റ് ഈടാക്കുമെന്ന അറിയിപ്പ് മൊബൈല്‍ കമ്പനികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിച്ചു. പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സ് മാസാവസാനമാണ് വാറ്റ് നല്‍കേണ്ടി വരിക. എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്നും മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ തന്നെ വാറ്റ് ഈടാക്കും. പ്രീ പെയ്ഡ് കാര്‍ഡുകള്‍ നിലവിലുള്ള നിരക്കില്‍ തന്നെ വില്‍ക്കും. പക്ഷേ അഞ്ച് ശതമാനം വാറ്റ് കഴിച്ച് ബാക്കിയുള്ള തുക മാത്രമേ റീചാര്‍ജ് ആവുകയുള്ളൂ. ഉദാഹരണം പത്ത് റിയാലിന്റെ റീചാര്‍ജ് കാര്‍ഡ് വാങ്ങിയാല്‍ നാല്‍പ്പത്തിയെട്ട് ഹലാല വാറ്റ് കഴിഞ്ഞ് ബാക്കി 9.52 റിയാല്‍ മാത്രമേ റീചാര്‍ജ് ആവുകയുള്ളൂ.
