ഉംറ തീര്‍ഥാടകര്‍ മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ക്ക് പുറത്ത് പോകരുത്

റിയാദ്: വിസ കാലാവധി തീരും മുന്‍പ് നാട്ടിലേക്ക് മടങ്ങാന്‍ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയുടെ നിര്‍ദ്ദേശം. അനധികൃത താമസക്കാർക്കും, അവരെ സഹായിക്കുന്ന സൗദി പൗരന്മാർക്കും എതിരെ കർശന നടപടിയെടുക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 

ഉംറ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ നിന്ന് മടങ്ങണമെന്ന് വിദേശ ഉംറ തീര്‍ഥാടകരോട് സൗദി പാസ്പോര്‍ട്ട്‌ വിഭാഗം നിര്‍ദേശിച്ചു. വിസാ കാലാവധിക്ക് ശേഷം രാജ്യത്ത് കഴിയുന്നത് നിയമലംഘനമാണ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആറു മാസത്തെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. ശേഷം ഇവരെ നാടു കടത്തുകയും ചെയ്യും. 

ഉംറ തീര്‍ഥാടകര്‍ മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ക്ക് പുറത്ത് പോകാനും പാടില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. അനധികൃത താമസക്കാര്‍ക്ക് സഹായം നല്‍കുന്നതും കുറ്റകരമാണ്. വിസാ കാലാവധി കഴിഞ്ഞ തീര്‍ഥാടകര്‍ക്ക് യാത്ര, ജോലി തുടങ്ങിയവ രംഗങ്ങളില്‍ സഹായം നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്ന് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നല്‍കി.