വേതന സുരക്ഷാ പദ്ധതി; സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണം

First Published 19, Mar 2018, 1:55 AM IST
saudi Wage Security Program
Highlights
  • നിലവില്‍ 61,54,366 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നു

ജിദ്ദ: സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് വേതന സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നതായി അധികൃതര്‍. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും രാജ്യത്തെ 42,418 സ്വകാര്യ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായി. നിലവില്‍ 61,54,366 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും കൃത്യസമയത്ത് ബാങ്ക് വഴി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതി. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിക്ക് കീഴില്‍ വരുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. 

കൃത്യ സമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ 3000 റിയാല്‍ വരെയാണ് പിഴ. മൂന്നു മാസം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തി വെക്കും. കൂടാതെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കും.

തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അപ്ഡേറ്റ് ചെയ്യണമെന്നു സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം ഓര്‍മിപ്പിച്ചു.

loader