ഉംറ വിസയുടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ എല്ലാ വിദേശ തീര്‍ഥാടകരും തിരിച്ചു പോകണമെന്ന് ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദേശിച്ചു. വിസാകാലാവധി കഴിഞ്ഞും തിരിച്ചുപോകാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കും. ഇവര്‍ക്ക് അമ്പതിനായിരം റിയാല്‍ വരെപിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കും. ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്തും. അനധികൃതമായി രാജ്യത്ത് കഴിയുന്ന തീര്‍ഥാടകര്‍ക്ക് ഒരു വിധത്തിലുള്ള സഹായവും ചെയ്യരുതെന്ന്‌സ്വദേശികളോടും വിദേശികളോടും ജവാസാത്ത് ആവശ്യപ്പെട്ടു. ഇവര്‍ക്ക് ജോലിയോ, താമസസൗകര്യമോ, യാത്രാ സൗകര്യമോ നല്‍കാന്‍ പാടില്ല. അനധികൃത താമസക്കാര്‍ക്ക് സഹായം ചെയ്താല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. നിയമലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളും ഒരു ലക്ഷം റിയാല്‍ പിഴയടയ്‌ക്കേണ്ടി വരും. ഈ സ്ഥാപനങ്ങളിലെക്കുള്ള റിക്രൂട്ട്‌മെന്റിന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തും. കൂടാതെ ജോലിക്ക് വെക്കുന്ന ഉദ്യോഗസ്ഥന് ഒരു വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും. സഹായം കിട്ടുന്ന നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും കൂടും. വിസാ കാലാവധിക്കുള്ളില്‍ തിരിച്ചു പോകാത്ത തീര്‍ഥാടകരെ കുറിച്ച വിവരം ഉംറ സര്‍വീസ് കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഒരു തീര്‍ഥാടകന് ഒരു ലക്ഷം റിയാല്‍ എന്ന തോതില്‍ പിഴ ചുമത്തും.