റിയാദ്: സൗദിയില്‍ ഇന്ധന വില ഉടനെ വര്‍ദ്ധിപ്പിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍. കൂടാതെ പാചക വാതകം, വൈദ്യുതി തുടങ്ങിയവയുടെ നിരക്കും ഉടന്‍ കൂട്ടില്ല. അതേസമയം ആഭ്യന്തര ഉപയോഗത്തിനുള്ള ഇന്ധനത്തിന് വരുന്ന ജനവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സൗദിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതിനാലാണ് ഈ നടപടി.
ഈ മാസം അവസാനം ആഭ്യന്തര വിപണിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ആഗോള തലത്തില്‍ എണ്ണക്കു അടുത്തിടെ വില വര്‍ധിച്ചിരുന്നു. ബാരലിനു രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ അറുപത് ഡോളറിനു മുകളില്‍ വില രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണയിതര വരുമാനത്തില്‍ 87 ശതമാനത്തിന്‍റെ വര്‍ധനവ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
