Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്‌ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ഉടന്‍

saudi women drivers to come true soon
Author
First Published May 16, 2017, 6:21 PM IST

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി കൂടുതല്‍ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ശൂറാ കൗണ്‍സില്‍ വനിതാ അംഗം ലിന അല്‍ മഈന ഏഷ്യാനെറ്റ് ന്യൂസിനോട്. സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ മതപരമായി തെറ്റില്ലെന്നും ലിന പറഞ്ഞു. സൗദി ഉന്നധാധികാര സമിതിയായ ശൂറാ കൗണ്‍സിലിലേക്ക് സമീപകാലത്താണ് ലിന അല്‍ മഈനയെ സല്‍മാന്‍ രാജാവ് നാമ നിര്‍ദേശം ചെയ്തത്.

കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധമായ നിര്‍ദേശത്തിനു ഭൂരിഭാഗം വോട്ടു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലിന അല്‍ മഈന പറഞ്ഞു. വനിതാ പോലീസ്, വനിതാ ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ അതിനു മുമ്പ് തയ്യാറാകേണ്ടതുണ്ട്.  രണ്ടു വര്‍ഷം കഴിഞ്ഞേ ഈ നിര്‍ദേശം വീണ്ടും വോട്ടിനിടാന്‍ കഴിയുകയുള്ളൂ. അടുത്ത വോട്ടിങ്ങില്‍ ഇത് പാസാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. 

പൊതു രംഗത്തും തൊഴില്‍ മേഖലയിലും കായിക രംഗത്തും സൗദി വനിതകള്‍ക്ക് ഏറെ പരിഗണനയും അംഗീകാരവും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നു സൗദി ശൂറാ കൌണ്‍സില്‍ അംഗം ലിന അല്‍ മഈന പറഞ്ഞു. സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി ലഭിക്കണം. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് ഇസ്ലാമിക ശരീഅത്ത് എതിരല്ല. സൗദിയിലെ സാമൂഹിക ചുറ്റുപാട് മൂലമാണ് നിലവില്‍ അനുമതി ലഭിക്കാത്തത്. ഇതുസംബന്ധമായ നിര്‍ദേശം  പുതിയ ശൂറാ കൌണ്‍സില്‍ ചര്‍ച്ച ചെയ്യുകയും വിജയിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നു ലിന അല്‍ മഈന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സൗദിയില്‍ വനിതാ സ്‌പോര്‍ട്‌സ് കോളേജ് ആരംഭിക്കാന്‍ വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇതുസംബന്ധമായി ലിന ഉള്‍പ്പെടെ മൂന്നു വനിതാ അംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം മൂന്നു വോട്ടിന്റെ വ്യത്യാസത്തില്‍ ശൂറാ കൗണ്‍സില്‍ തള്ളിയിരുന്നു. എങ്കിലും അടുത്ത വോട്ടിങ്ങില്‍ നിര്‍ദേശം പാസാകുമെന്നാണ് ലിന അല്‍ മഈനയുടെ പ്രതീക്ഷ.

മുപ്പത് വനിതകളാണ് സൗദിയിലെ ഉന്നതാധികാര സമിതിയായ ശൂറാ കൌണ്‍സിലില്‍ ഉള്ളത്. പ്രമുഖ അറബ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈനയുടെ മകളാണ് ലിന. വനിതകളുടെ കായിക പുരോഗതിക്ക് വേണ്ടിയും മാധ്യമ സ്ഥാപനങ്ങളിലും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios