സൗദിയില്‍ വനിതകള്‍ക്ക് വൈകാതെ വളയം പിടിക്കാം

റിയാദ്: ഇന്റര്‍നാഷണലോ , വിദേശ ഡ്രൈവിംഗ് ലൈസെൻസോ ഉള്ള സ്ത്രീകൾക്ക് സൗദിയിൽ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. ഇതിനായി രാജ്യത്ത് ഇരുപത്തിയൊന്നു സേവന കേന്ദ്രങ്ങള്‍ തുടങ്ങിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സൗദി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ്‌ അല്‍ ബസ്സാമി അറിയിച്ചു. 

വനിതകള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. ജിദ്ദ, റിയാദ്, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളിലാണ് നിലവില്‍ വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ ഉള്ളത്. ട്രാഫിക് പോലീസിലും ട്രാഫിക് വിഭാഗത്തിന്‍റെ ഓഫീസുകളിലും വനിതകള്‍ ഉണ്ടാകും. കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും.ടാക്സികള്‍ ഓടിക്കാനുള്ള അനുമതിയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. 

ചില ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഇതിനകം വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദേശ ഡ്രൈവിംഗ് ലൈസന്‍സോ, ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സോ ഉള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. ഇതിനായി ജിദ്ദ, റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറയ്ദ, ഉനൈസ, ഹായില്‍, തബൂക്ക്, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്റാന്‍, ഖൊരിയാത്, സഖാഖ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്നു കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കിലും ഡ്രൈവിംഗ് പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കും. ട്രാഫിക് നിയമങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നും അല്‍ ബസ്സാമി പറഞ്ഞു. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വിദേശ വനിതകള്‍ക്ക് ആ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനം ഓടിക്കാമെന്നും നേരത്തെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു