രാജ്യത്ത് സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ കൂടുതലും വിദേശികള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് സൗദി ശൂറാ കൌണ്‍സില്‍ വിലയിരുത്തി. പ്രധാനപ്പെട്ട പല തസ്തികകളും ഏതെങ്കിലും പ്രത്യേക രാജ്യക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. തൊഴില്‍ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കാത്ത രൂപത്തില്‍ ഈ പ്രവണത അവസാനിപ്പിക്കണമെന്നും ഉന്നത തസ്തികകള്‍ സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യണമെന്നും കൌണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

ഇതു സംബന്ധമായി പഠനം തൊഴില്‍ മന്ത്രാലയം നടത്തും. പ്രധാനപ്പെട്ട തസ്തികകള്‍ വിദേശികള്‍ മാത്രം കൈകാര്യം ചെയ്യുന്നത് തൊഴില്‍ മേഖലയ്ക്ക് ഭീഷണിയാണെന്ന് ശൂറാ കൌണ്‍സില്‍ അംഗം ഡോ.ഫഹദ് അല്‍ അനാസി പറഞ്ഞു. അതേസമയം ടൂറിസം രംഗത്ത് പതിമൂന്നു ലക്ഷത്തോളം സ്വദേശികള്‍ ജോലി ചെയ്യുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ബാങ്കിംഗ് മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൗദികള്‍ ജോലി ചെയ്യുന്നത് ടൂറിസം മേഖലയിലാണ്. ഈ മേഖലയില്‍ ഇരുപത്തിയെട്ട് ശതമാനവും സൗദികളാണ്. 8,41,000 സൗദികള്‍ നേരിട്ടും 4,20,000 സൗദികള്‍ അല്ലാതെയും ഈ രംഗത്ത് ജോലി ചെയ്യുന്നു. 2020 ആകുമ്പോഴേക്കും പതിനെട്ട് ലക്ഷത്തോളം സ്വദേശികള്‍ക്ക് ടൂറിസം മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

സ്വദേശികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ തൊഴില്‍ പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.