ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് വീഡിയോ പുറത്ത് വിട്ട യുവതി മരിച്ച നിലയില്‍

ചെന്നൈ: ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് വീഡിയോ പുറത്ത് വിട്ട യുവതി മരിച്ച നിലയില്‍. ഭര്‍ത്താവിന്‍റെ കൊടും പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നാണ് നേരത്തെ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ യുവതി പറയുന്നത്. നേരത്തെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സത്യ എന്നാണ് യുവതിയുടെ പേര്. ഇവരെ കണ്ടെത്തുമ്പോഴേയ്ക്കും സത്യ ജീവനൊടുക്കിയിരുന്നു. 

ഭര്‍ത്താവിന്‍റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ കാരണം പാടുകള്‍ നിറഞ്ഞ മുഖവുമായാണ് സത്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഫെബ്രുവരി 27 മുതല്‍ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ വൈറലായി. എന്നാല്‍ വീഡിയോ വൈറലായി രണ്ട് ദിവസം കഴിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയാണ് സത്യ. 29 വയസുകാരിയായ സത്യ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് സമ്പത്തില്‍ നിന്നുമാണ് സത്യയ്ക്ക് ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. 

സത്യയുടെ ഭര്‍ത്താവ് സമ്പത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സഹായത്തിനായി അഭ്യര്‍ത്ഥിച്ച് സത്യ പുറത്തുവിട്ട വീഡിയോ ഒരു മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് സൂചന.