ദില്ലി: വിവാഹ മോചനമാവശ്യപ്പെട്ട് കോടതിയിലെത്തിയ ദമ്പതികളോട് വിചിത്രമായ നിബന്ധന മുന്നോട്ട് വച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിവാഹമോചനം അനുവദിക്കാന്‍ വിചിത്ര ഉപാധി മുന്നോട്ട് വച്ചത്. ഇരുവരും പങ്കാളികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലോ ഓണ്‍ലൈനിലോ ഉപയോഗിക്കരുതെന്നതാണ് നിബന്ധന. ഇതോടൊപ്പം സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ഇവര്‍ പരസ്പരം കൊടുത്തിരുന്ന 17 കേസുകളും കോടതി തീര്‍പ്പാക്കി. 

മാനേജ്മെന്റ് ബിരുദദാരിയായ യുവാവും എന്‍ജിനീയറായ യുവതിയും 2013 ലാണ് വിവാഹിതരാകുന്നത്. വിവാഹ ശേഷം ഇവര്‍ തമ്മില്‍ കലഹം രൂക്ഷമായതിനെ തുടര്‍ന്നാണ് വിവാഹമോചനാവശ്യവുമായി കോടതിയിലെത്തിയത്. വേര്‍ പിരിഞ്ഞ ശേഷം ഇവര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക് പോര് സജീവമാകുകയും നിരവധി സൈബര്‍ ആക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. യുവതിക്ക് 37 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. യുവതിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് വിചിത്രമായ ഉപാധി കോടതി മുന്നോട്ട് വച്ചത്. 

ആളുകളെ പുകഴ്ത്താനും താറടിക്കാനും അജന്‍ഡകള്‍ പരത്താനും എല്ലാം നിലവില്‍ സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് കുടുംബജീവിതത്തിലെ സ്വാധീനമെന്തെന്ന് പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിവാഹമോചനം അനുവദിക്കാന്‍ കോടതി മുന്നോട്ട് വച്ച നിബന്ധന.