റോഹിങ്ക്യൻ അഭയാര്‍ത്ഥികളോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് അഭിഭാഷകന്‍

ദില്ലി: റോഹിങ്ക്യൻ അഭയാര്‍ത്ഥികൾ തങ്ങുന്ന ദില്ലിയിലെ കോളനികളിൽ എന്തെല്ലാം സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് വിശദീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നൽകണമെന്ന് സുപ്രീംകോടതി. റോഹിങ്ക്യൻ അഭയാര്‍ത്ഥികളോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് അഭയാര്‍ത്ഥികകൾക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

എന്നാൽ അഭയാര്‍ത്ഥികൾക്ക് ലഭിക്കേണ്ട എല്ലാ പരിഗണനയും റോഹിങ്ക്യക്കാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസിൽ കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു.

വംശീയ അധിക്രമങ്ങൾ നേരിട്ടതിനെ തുടര്‍ന്ന് മ്യാൻമര്‍ അതിര്‍ത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് 40,000 ത്തോളം റോഹിങ്ക്യ മുസ്ളീം വിഭാഗക്കാര്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്. ജമ്മുകശ്മീര്‍, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവടങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്.