ദില്ലി: അവധിക്കാലത്തും ജോലി ചെയ്യുന്നതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാർക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ കത്ത്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് അവധിക്കാലത്ത് പ്രത്യേക പരിഗണന നൽകണമെന്നും ടി.എസ് ഠാക്കൂർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സുപ്രീം കോടതി ജഡ്ജിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗത്തിൽ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിലുള്ള ആശങ്ക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ജഡ്ജിമാരുടെ യോഗം വിളിച്ച അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്രിമിനൽ കേസുകളിലെ കെട്ടിക്കിടക്കുന്ന അപ്പീലുകൾ അവധിക്കാലത്ത് പരിഗണിക്കുന്നതിന് തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ തീരുമാനത്തെ കുറിച്ച് ചീഫ് ജസ്റ്റിസിനെ അറിയിക്കുകയും ചെയ്തു.
ജസ്റ്റിസ് ചന്ദ്രചൂഡിനെ അഭിനന്ദിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അലഹബാദ് ഹൈക്കോടതിയുടെ മാതൃക പിന്തുടരുന്നതിന് ശ്രമിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തയച്ചത്. ജഡ്ജമാരുമായും അഭിഭാഷകരുമായും ഇക്കാര്യത്തിൽ കൂടിയാലോചിക്കണമെന്നും ടി.എസ്. ഠാക്കൂർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശങ്ങളോട് ഹൈക്കോടതി ജഡ്ജിമാർ അനുകൂലമായാണ് പ്രതികരിക്കുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ഇരുപത് ജഡ്ജിമാർ അവധിക്കാലത്ത് കേസുകളിൽ വാദം കേൾക്കാൻ തയ്യാറായിട്ടുണ്ട്.ശനി, ഞായർ ദിവസങ്ങളിലും പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ കേസുകൾ പരിഗണിക്കും.
