കെ.എം.ജോസഫിന്‍റെ പേര് ശുപാർശ ചെയ്യാൻ കൊളീജിയം തീരുമാനം
ദില്ലി : സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ്.കെ.എം.ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യാൻ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ജെസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിൽ കേന്ദ്രം നേരത്തേ വിയോജിപ്പ് അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ പുനഃപരിശോധനക്കായി തിരിച്ചയച്ച ശുപാർശ ഇന്ന് കൊളീജിയം വീണ്ടും പരിഗണിക്കുകയായിരുന്നു.
അവധിയിലായിരുന്ന ജസ്റ്റിസ് ജെ.ചെലമേശ്വറും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീംകോടതിയിലെ അസാധാരണ സ്ഥിതിവിശേഷങ്ങളെച്ചൊല്ലി ചീഫ് ജസ്റ്റിസിനോട് വിയോജിച്ച് വാർത്താ സമ്മേളനം നടത്തിയ നാല് ജസ്റ്റിസുമാർ എന്നിവരാണ് കൊളീജിയത്തിലുള്ളത്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരായി ജസ്റ്റിസ്.കെ.എം.ജോസഫ് ഉത്തരവിട്ടതോടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായത്.
കേന്ദ്രസർക്കാരിന് പ്രത്യേക താൽപ്പര്യമുള്ള ആൾ എന്ന ആരോപണമുള്ള ജസ്റ്റിസ് ഇന്ദു മൽഹോത്രയെ നേരത്തേ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചിരുന്നു. എന്നാൽ അതോടൊപ്പം കൊളീജിയം ശുപാർശ ചെയ്ത ജസ്റ്റിസ്.കെ.എം.ജോസഫിന്റെ പേര് മടക്കുകയും ചെയ്തു. നടപടിക്രമം അനുസരിച്ച് രണ്ടാമതും കൊളീജിയം ശുപാർശ ചെയ്തതോടെ കേന്ദ്ര നിയമ മന്ത്രാലയത്തിന് ജസ്റ്റിസ്.കെ.എം.ജോസഫിന്റെ പേര് അംഗീകരിച്ച് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കേണ്ടിവരും.
എന്നാൽ ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. അങ്ങനെയൊരു നിലപാട് കേന്ദ്രസർക്കാർ തുടർന്നും സ്വീകരിച്ചാൽ ജുഡിഷ്യറിയും ലെജിസ്ലേച്ചറും നേരിട്ട് ഏറ്റുമുട്ടുന്ന അസാധാരണ സ്ഥിതിവിശേഷത്തിലേക്കാവും രാജ്യം നീങ്ങുക.
