Asianet News MalayalamAsianet News Malayalam

ശബരിമല സ്‌ത്രീപ്രവേശന കേസ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്

sc constitutional bench consider sabarimala woman entry case
Author
First Published Oct 13, 2017, 9:43 PM IST

ദില്ലി: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ഒരു വിഭാഗം സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യത, മതസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണോ എന്ന് ഭരണഘടന ബെഞ്ച് പരിശോധിക്കും. എല്ലാ വിഭാഗം സ്ത്രീകളെയും ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.

ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യംങ് ലോയേഴ്സ് അസോയിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ഭരണഘടന വിഷയങ്ങൾ കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ട് ചീഫ് ജസ്റ്റിസ് കോടതി വിധി പറഞ്ഞത്. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങൾ ഇവയാണ്. ഒന്ന്, പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യത, മത സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണോ, അത് വിവേചപരമാണോ. 2, മതാചാരത്തിന്റെ പേരിലോ ധാര്‍മ്മികതയുടെ പേരിലോ സ്ത്രീ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്താനാകുമോ? 3, കേരള, തമിഴ്‌നാട് സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന നിയമാനുസൃത ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിന് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകുമോ? 4, കേരളത്തിലെ ഹിന്ദു ആരാധാനാലയങ്ങളിലെ പ്രവേശന ചട്ടങ്ങൾ പ്രായപരിധിക്ക് അനുസരിച്ച് സ്ത്രീ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്താൻ അനുമതി നൽകുന്നുണ്ടോ? 5, ഹിന്ദു ആരാധാനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന അനുമതി നൽകുന്ന 1965ലെ നിയമത്തിനും മൗലിക അവകാശങ്ങൾക്കും വിരുദ്ധമാണോ ആരാധാനാലയങ്ങളിലെ പ്രവേശന ചട്ടം എന്നീ വിഷയങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിക്കുക.

ശബരിമലയിൽ എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അതേസമയം അതിന് വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്. ഇതെല്ലാം സുപ്രീംകോടതി ഇനി വീണ്ടും വിശദമായി പരിശോധിക്കും.

Follow Us:
Download App:
  • android
  • ios