കാവേരി പ്രശ്നത്തില്‍ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം വിധി നടപ്പാക്കാന്‍ കാലതാമസം എന്താണെന്ന് കോടതി 

ദില്ലി: കാവേരി പ്രശ്നത്തില്‍ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. വിധി നടപ്പാക്കാൻ കാലതാമസം എന്തെന്ന് കോടതി ചോദിച്ചു. വെള്ളം വിട്ടുനൽകുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിനെ കുറിച്ച് പദ്ധതി രേഖ മെയ് 3നകം സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തമിഴ്നാട്ടിലും കർണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

രാജ്യത്തെ എല്ലാ നദികളുടെയും അവകാശം കേന്ദ്ര സര്‍ക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ കേന്ദ്രത്തിന് നദികളുടെ അവകാശം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നദികളുടെ സംരക്ഷണവും വികസനവും ഉറപ്പുവരുത്താൻ കേന്ദ്ര സര്‍ക്കാരിന് എല്ലാ നദികളുടെയും അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. നദികൾ പൊതുസ്വത്തായതുകൊണ്ട് കേന്ദ്രത്തിന് അധികാരം നൽകണം എന്നതായിരുന്നു ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറ‍ഞ്ഞു. 

നദികളും തടാകങ്ങളും പൂര്‍ണമായി കേന്ദ്ര സര്‍ക്കാരിന് കീഴിൽ കൊണ്ടുവരാൻ സാധിക്കില്ല. സംസ്ഥാനങ്ങൾ തമ്മിൽ നദീതര്‍ക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തര്‍ക്കങ്ങൾ തുടരുമ്പോൾ കേന്ദ്രത്തിന് നദികളുടെ അവകാശം നൽകുന്നതിന് പ്രായോഗികവും നിയമപരവുമായ തടസ്സങ്ങളുണ്ട്. രാജ്യത്ത് 5.5 ലക്ഷം കോടിയുടെ നദീസംയോജന പദ്ധതികൾ നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികൾക്ക് സുപ്രീംകോടതി തീരുമാനം തിരിച്ചടിയാകും.