ചരിത്ര സ്മാരകമായ താജ്മഹൽ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം . താജ്മഹൽ സംരക്ഷിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയുള്ള ദർശനരേഖ നാല് ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. 

ദില്ലി: താജ്മഹൽ സംരക്ഷിക്കാത്തതിന് വിമ‍ർശനം. ചരിത്ര സ്മാരകമായ താജ്മഹൽ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം . താജ്മഹൽ സംരക്ഷിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയുള്ള ദർശനരേഖ നാല് ആഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു . 

നേരത്തെ താജ്മഹലിന്‍റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പുക മലിനീകരണവും, അതുപോലെയുള്ള മറ്റു പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്നും താജ്മഹലിനെ സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.

പരിസ്ഥിതി മലിനീകരണം മൂലം താജ്മഹല്‍ നിലനില്‍പിനായുള്ള പോരാട്ടത്തിലെന്നാണ് സൂചന. യമുന നദിയില്‍ നിന്നുള്ള മണല്‍ വാരലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് താജ്മഹലിനു ഭീഷണിയാവുന്നതായാണ് വിലയിരുത്തുന്നത്. കൂടാതെ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്‍റെ തിളക്കം മങ്ങുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.