ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെ ചോദ്യം ചെയ്തു മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമഭേദഗതിക്കു ഇടക്കാല സ്‌റ്റേ വേണമെന്ന പെറ്റയുടെ ആവശ്യം സുപ്രീം കോടതി തള്ളി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ 6 ആഴ്ച്ചയ്ക്കകം നിലപാടു വ്യക്തമാക്കണമെന്ന് കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കാനാകാത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ഉത്തരവുകള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ജല്ലിക്കെട്ടില്‍ കാളകളെ ഉപയോഗിക്കാനായി അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.