തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യപ്രവര്‍ത്തി ദിനത്തില്‍ ബെവ്കോ ഔട്ട് ലെറ്റുകളിലും ബീയർ പാർലറുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാങ്ങാനെത്തിയവർ ക്യൂ നിന്ന് വലഞ്ഞപ്പോൾ മദ്യശാലകളിലെ ജീവനക്കാർ തിരക്കിൽ നട്ടം തിരി‍ഞ്ഞു. പലയിടത്തും തിരക്ക് ക്രമസമാധാന പ്രശ്നവും ഉണ്ടാക്കി.

ദൂരപരിധി പാലിക്കാത്ത ഭൂരിഭാഗം മദ്യഷോപ്പുകൾക്കും ബിയർ വൈൻ പാർലറുകൾക്കും താഴുവീണപ്പോൾ അവശേഷിക്കുന്ന സ്ഥലത്ത് വന്‍തിരക്കായിരുന്നു. പൊരി വെയിലിനെ അവഗണിച്ച് ഒരു കുപ്പി മദ്യത്തിനായി മണികൂറുകളുടെ കാത്തിരിപ്പ്. കണക്കെടുപ്പ് കാരണം ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാൻ വൈകി. 11 മണിക്ക് തുറക്കും മുൻപേ പൂരപ്പറന്പ് പോലെ ആൾക്കൂട്ടം.

 ക്യൂ നീണ്ടത് കിലോമീറ്ററുകൾ. മദ്യം വാങ്ങാനെത്തിയത് ദൂരെ ദിക്കുകളിൽ നിന്നു വരെ . പ്രശ്നം വഷളാക്കിയത് സർക്കാരെന്ന് വാങ്ങാനെത്തിയവരുടെ വിമർശനം. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്നവും മദ്യശാലകൾക്ക് മുന്നിലുണ്ടായപ്പോൾ പൊലീസിനും ജീവനക്കാർക്കൊപ്പം പിടിപ്പത് ജോലി. ഇങ്ങനെ പോയാൽ സംഗതി കുഴയുമെന്നും ജീവനക്കാരും.

ഇനി സംസ്ഥാനത്തുള്ളത് 136 ബെവ്കോ ഔട്ട്ലെറ്റുകളും 17 കൺസ്യൂമെർ ഫെഡ് മദ്യ വിൽപ്പനശാലകളും.കൂടാതെ 196 ബീയർ വൈൻ പാർലറുകളുണ്ട്. 16 ക്ലബ്ബുകളിലും 20 പഞ്ച നക്ഷത്ര ഹോട്ടലുകളിലും മദ്യം ലഭിക്കും