മലിനീകരണത്തില്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി രംഗത്തെത്തി. സര്‍ക്കാരിന്റെ ശ്രദ്ധ രാഷ്ട്രീയത്തിലും വോട്ടുകളിലും മാത്രമാണെന്നും അതിന് പിന്നിലുള്ള ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറരുതെന്നും ശുദ്ധവായു ശ്വസിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും കോടതി കൂട്ടിചേര്‍ത്തു.
വായു മലിനീകരണം കുറയ്ക്കാന്‍ ബദര്‍പൂര്‍ താപ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്രവും ദില്ലിയും അയല്‍ സംസസ്ഥാനങ്ങളും ചേര്‍ന്ന് മലിനികരണം നിയന്ത്രിക്കാന്‍ നിരീക്ഷണ സമിതി രൂപികരിക്കാനും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. സമിതി രണ്ട് മാസം കൂടുമ്പോള്‍ യോഗം ചേര്‍ന്ന് പാരിസ്ഥിതിക അന്തരീക്ഷ സ്ഥിതി വിലയിരുത്തണം. പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.