ഹിമാചല്‍ പ്രദേശില്‍ ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിന് ഹിമാചല്‍ ഹൈക്കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ തള്ളിയ ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് സുപ്രധാന നിരീക്ഷണം. ജീവിക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്, ആരെ സ്‌നേഹിക്കണമെന്നത് സ്ത്രീയുടെ തീരുമാനമാണ്. ആര്‍ക്കും അവളെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനാകില്ല. ഇഷ്ടമില്ലാത്തവരെ തിരസ്‌കരിക്കാനുള്ള എല്ലാ അവകാശവും സ്ത്രീക്കുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പരിഷ്‌കൃത സമൂഹത്തില്‍ പുരുഷാധിപത്യത്തിന് ഒരു സ്ഥാനവുമില്ലെന്നും കോടതി പറഞ്ഞു. സ്ത്രീയ്ക്ക് പുരുഷന്റെ അതേ സ്ഥാനമാണ് സമൂഹത്തിലുള്ളത് പുരുഷാധിപത്യ മനോഭാവം വെച്ച് സ്ത്രീയെ സ്‌നേഹിക്കാന്‍ നിര്‍ബന്ധിക്കരുത്. ഇത്തരം മനോഭാവങ്ങളെല്ലാം നിയമത്തിന് കീഴ്‌പ്പെടണമെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്തുകൊണ്ടാണ് രാജ്യത്ത് സ്ത്രീകളെ സ്വൈര്യമായി ജീവിക്കാനനുവദിക്കാത്തതെന്നും കോടതി ചോദിച്ചു. ദീപക് മിശ്രക്ക് പുറമെ എ എം ഖാന്‍വില്‍ക്കല്‍, എംഎം ശന്തനഗൗഡര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2008നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ പ്രതിയുടെ ശല്യം സഹിക്കാനാകാതെ യുവതി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.