ഓര്‍ത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
ദില്ലി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഓര്ത്തഡോക്സ് വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. മുന്കൂര്ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.
ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ പ്രതികളായ കേസിൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോർജ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിപ്പിക്കും മുമ്പ് ഇരുവരെയും പിടികൂടാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം.
ദില്ലിയിലായിരുന്ന ജെയ്സ് കെ ജോർജ് നാട്ടിലെത്തിയെന്ന സൂചനയെത്തുടർന്ന് ബന്ധുവീടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഒന്നാം പ്രതി എബ്രഹാം വർഗ്ഗീസ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതോടെ പ്രതികൾക്കായുള്ള തിരച്ചിലും മന്ദഗതിയിലായി.
