ദില്ലി: വിവാദ കന്നുകാലി വിജ്ഞാപനം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി. കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് തടയുന്ന ചട്ടങ്ങള്‍ക്കുള്ള സ്റ്റേ തുടരും. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ കോടതി നീക്കി. വിജ്ഞാപനം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കുമ്പോള്‍ ആക്ഷേപമുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. കന്നുകാലി വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന പട്ടികയില്‍ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതെങ്ങനെ കേന്ദ്രത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകുമെന്നും കോടതി ചോദിച്ചു. കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് മെയ് 23ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.