ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ബിയർ-വൈൻ പാർലറുകൾക്കും പൂട്ടുവീഴുമെന്ന് ഉറപ്പായി.
മദ്യശാലകൾ പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു കോടതി വിധി. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹർജിയിയാണ് കോടതി പരിഗണിച്ചത്. കോടതി വിധി ബാറുകൾക്ക് ബാധകമല്ലെന്ന നിയമോപദേശമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാൽ കോടതി വിധിയോടെ സർക്കാർ നിലപാട് അപ്രസക്തമായിരിക്കുകയാണ്.
സെപ്റ്റംബർ 30 വരെ ലൈസൻസുള്ള മദ്യശാലകൾക്ക് പാതയോരങ്ങളിൽ പ്രവർത്തിക്കാം. കാലാവധിക്ക് മുൻപ് മദ്യശാലകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂട്ടണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ ദൂരപരിധിയിൽ ചെറിയ ഭേദഗതിയും കോടതി വരുത്തിയിട്ടുണ്ട്. 20,000-ത്തിൽ താഴെ ജനസംഖ്യയുള്ള തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിഥിയിലെ മദ്യശാലകൾക്ക് 500 മീറ്റർ പരിധി എന്നത് 220 മീറ്ററാക്കി കുറച്ചു നൽകി.
