ദില്ലി: ലോക്പാല്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് സുപ്രീംകോടതി. പ്രതിപക്ഷ നേതാവ് ഇല്ലാത്തതുകൊണ്ടാണ് ലോക്പാല്‍ സമിതി അംഗങ്ങളെ നിയമിക്കാനാകാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. എത്രയും വേഗം ലോക്പാല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
ഭരണതലത്തിലെ അഴിമതിക്കെതിരെ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ 2013ല്‍ ലോക്പാല്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. ഇത് ചോദ്യം ചെയ്ത് അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ സംഘടനയായ കോമണ്‍ കോസാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലോക്പാല്‍ സമിതിയെ നിയമിക്കേണ്ടത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിയാണ്. നിലവില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്തതുകൊണ്ട് സാങ്കേതികമായി ലോക്പാല്‍ നിയമനം നടത്തുന്നതിന് തടസ്സമുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഖി വാദിച്ചു. പ്രതിപക്ഷ നേതാവിന് പകരം വലിയ പാര്‍ടിയുടെ നേതാവിനെ സമിതിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നിയമഭേദഗതി ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ലോക്പാല്‍ നിയമനങ്ങള്‍ വൈകിപ്പിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് വ്യക്തമാക്കി. ലോക്പാല്‍ നിയമനങ്ങള്‍ക്ക് നിയമഭേദഗതിക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. നിലവിലെ ലോക്പാല്‍ നടപ്പാക്കാവുന്ന നിയമം തന്നെയാണ്. അത് നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടകാര്യമില്ലെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
