ദില്ലി: ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ സംസ്ഥാന പോലീസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന വിഎസിന്‍റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. 

കേസില്‍ വിഎസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഎസിന്‍റെ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കേസില്‍ വിഎസിന് വേണമെങ്കില്‍ വിചാരണകോടതിയെ സമീപിക്കാം എന്ന് കോടതി നിര്‍ദേശിച്ചു.

മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ട തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതാദ്യമായാണ് വിഎസിന്‍റെ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതില്‍ വിഎസിന് എതിരായ നിലപാടാണ് സര്‍ക്കാറിനായി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ വേണുഗോപാല്‍ സ്വീകരിച്ചത്.