എസ്‍സി എസ്ടി അതിക്രമം തടയാനുള്ള നിയമത്തിലെ ഭേദഗതി; സുപ്രീംകോടതി പരിഗണിക്കും

First Published 3, Apr 2018, 11:52 AM IST
sc to consider amendment in bill to prevent violence against sc st
Highlights
  • എസ്‍സി എസ്ടി അതിക്രമം തടയാനുള്ള നിയമത്തിലെ ഭേദഗതി; സുപ്രീംകോടതി പരിഗണിക്കും
  • തുറന്ന കോടതിയിലാണ് വാദം കേൾക്കുക 

ദില്ലി:പട്ടികജാതി പട്ടികവര്‍ഗ്ഗ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്നുതന്നെ പരിഗണിക്കും. പട്ടികജാതി നിയമത്തെ ദുര്‍ബലപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പറ‍ഞ്ഞു. ഇന്നലെ ഭാരത്ബന്ദിനിടെ നടന്ന അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ കേസിലെ പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റോ പ്രോസിക്യൂഷൻ നടപടികളോ പാടുള്ളുവെന്ന മാര്‍ച്ച് 20ലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സംഘര്‍ഷമായി മാറിയ സാഹചര്യത്തിൽ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ പുനപരിശോധന ഹര്‍ജി അടിയന്തിരമായി കേൾക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതംഗീകരിച്ചാണ് കേസ് ഇന്നുതന്നെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. കേസിൽ കേന്ദ്ര സര്‍ക്കാര്‍ കാണിക്കാതിരുന്ന ജാഗ്രതയാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്കെല്ലാം കാരണമെന്നാണ് പ്രതിപക്ഷ പാര്‍ടികളുടെ ആരോപണം. ദളിത് സമുദായത്തിന്‍റെ അവകാശവും സുരക്ഷയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന്‍റെ പിഴവ് മൂലമാണെന്ന് ചൂണ്ടിക്കാട്ടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത്ബന്ദിലുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ ഒരാൾകൂടി ഇന്ന് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. പ്രതിഷേധര്‍ക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് നേരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിൽ 100 ബസ്സുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. സംഘര്‍ഷങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നൽകിയിരുന്നു.
 

loader